തിരുവനന്തപുരം: 140 കോടി ജനങ്ങളിൽ വട്ടുള്ള ചിലരുണ്ടാകും, അവരാണ് ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതെന്നും അതിൽ ബിജെപിക്ക് ഉത്തരവാദിത്തമില്ലന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു എന്നാണ് ഒരു പ്രമുഖ മാധ്യമം പുറത്തുവിട്ട വാർത്തയിൽ പറയുന്നത്. കേരളത്തിലെ ബിജെപി അധ്യക്ഷനായ രാജീവ് പറയുന്നതായതിനാൽ നമ്മൾ അദ്ദേഹത്തെ അനുമോദിക്കണം അംഗീകരിക്കണം. പറഞ്ഞത് 100 ശതമാനം വസ്തുതയാണ് എന്ന കാര്യത്തിൽ സ്ഥിര ബുദ്ധിയുള്ള ഒരാളും എതിർപ്പ് പറയില്ല. പക്ഷെ പ്രശ്നം അതല്ല, വടക്കേ ഇന്ത്യയിൽ സംഘപരിവാറിൻ്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നവരാണ് ക്രിസ്ത്യാനികളുടെ കരോളിനെ ആക്രമിക്കുന്നതെന്നിരിക്കെ രാജിവ് ചന്ദ്രശേഖർ പറഞ്ഞു വയ്ക്കുന്ന സത്യം ഇത്തിരി ദൂരവ്യാപക അർഥതലങ്ങൾ ഉള്ളതായി മാറുകയാണ്. അക്രമികളെ മോദി നയിക്കുന്ന കേന്ദ്ര സർക്കാരോ ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളോ തള്ളിപ്പറഞ്ഞിട്ടില്ല, അതിക്രമികളെ ഇത് വരെ നിയമപരമായി പിടികൂടി ശിക്ഷിച്ചിട്ടില്ല, അക്രമിസംഘടനകൾ പിന്നോട്ട് പോയിട്ടില്ല എന്നിങ്ങനെ പല സ്ഥിതിവിശേഷങ്ങൾ നിലനിൽകുന്നതിനാൽ രാജീവ് ചന്ദ്രശേഖരൻ്റെ പ്രസ്താവനയുടെ വ്യാപ്തി വർധിക്കുകയാണ്. പ്രസ്താവനയിൽ ഉറച്ചു നിൽക്കുകയാണ് രാജീവനെങ്കിൽ അക്രമങ്ങളോട് മൗനം പാലിക്കുന്ന കേന്ദ്ര- സംസ്ഥാന ബിജെപി സർക്കാരുകളും ഈ വട്ടുള്ളവരുടെ കൂടെ പെടുമോയെന്ന് രാജീവ് ചന്ദ്രശേഖർ തന്നെ വ്യക്തമാക്കേണ്ടതായി വരും. ക്രിസ്മസിനെ നിരോധിച്ച യുപിയിലെ യോഗി ആദിത്യനാഥും കേരളത്തിലെ പുതിയ ലോക ഭവനത്തിൽ (പഴയ രാജ്ഭവൻ) സസുഖം തിന്നുറങ്ങി സുഖിച്ച് രമിച്ച് ഭരിച്ച് വാഴുന്നതിനിടയിൽ അവിടെ ക്രിസ്മസ് ആഘോഷം ഒഴിവാക്കി ആർലേക്കറും രാജീവൻ മേൽപ്പറഞ്ഞ ഇനത്തിൽ പെട്ടവരാണോയെന്ന് പറയേണ്ടതും രാജീവ് ചന്ദ്രശേഖർ തന്നെയാണ്. യോഗി ആദിത്യ നാഥിനും ആർലേക്കർക്കും എന്തായാലും ക്രിസ്മസ് ആഘോഷത്തോട് അസഹിഷ്ണുതയാണ് എന്ന് റേഷനരിയും പുഴുക്കലരിയും ചാക്കരിയും പച്ചരിയും കഴിക്കുന്ന ആർക്കും മനസ്സിലാകും. രാജീവ് ചന്ദ്രശേഖരനും മനസ്സിലായിട്ടുണ്ട്. അപ്പോൾ രാജീവ് ചന്ദ്രശേഖരൻ്റെ പ്രസ്താവനയിലെ വാസ്തവീയത ചർച്ച ചെയ്യേണ്ടത് തന്നെയാണ്. എന്തുകൊണ്ട് മതനിരപേക്ഷത പറയുന്ന സിപിഎമ്മും മതേതരം പറയുന്ന കോൺഗ്രസും മത മേന്മ പറയുന്ന ബിജെപിയും മിണ്ടുന്നില്ല? ക്രിസ്ത്യൻ മിഷനറിമാർ വ്യാകരണമൊരുക്കിയ ഹിന്ദി ഭാഷയിലെങ്കിലും ഒന്ന് മൊഴിയാത്തതെന്ത്?
അതെങ്ങനാ? വട്ടൻമാരായ അക്രമികളെ നിയന്ത്രിക്കുകയോ നിയമപരമായി നേരിടുകയോ ചെയ്യേണ്ട മോദി ജി ഡൽഹിയിൽ പാതിരാ കുർബ്ബാന കൂടി കേക്ക് മുറിച്ച് നിൽപ്പാണ്. നിശബ്ദമായ ഈ നിൽപ്പ് നിയമപരമായ നടപടി എടുക്കേണ്ട സമയത്താണ് എന്നതാണ് ശ്രദ്ധേയം. വട്ടൻമാരായ അക്രമി അണികളെ പിടികൂടി നിയമത്തിന് മുന്നിലെത്തിച്ച് സത്യസന്ധത തെളിയിക്കുകയാണ് വേണ്ടത് എന്ന് രാജീവ് ചന്ദ്ര ശേഖരനെങ്കിലും ഒന്ന് കേന്ദ്ര സർക്കാരിനെ ഉപദേശിച്ചു കൂടെ?
Is Rajiv Chandrasekharan saying that the government is under the control of bigwigs?





















